സംശയത്തിന്‍ ജ്വാലകളില്‍ നീറുകയാണെന്മനം
കാട്ടു തീയില്‍പ്പെട്ടു പോയൊരു
കൊച്ചു പുല്‍ നാമ്പു പോലെ...!
വാദികള്‍ ന്യായാധിപ വേഷമേന്തും സമൂഹത്തില്‍
നീതിയും സത്യവും നോക്കുകുത്തികളാകുന്നൂ,
സോദരീ, സത്യമിന്നുമിരുളിലാഴുന്നൂ...
സഹോദരീനിര്‍വിശേഷമാം സ്നേഹം പോലും
സംശയത്തിന്‍ മുള്‍മുനകളില്‍ പിടയുന്നൂ...
പരിശുദ്ധ നിഷ്കളങ്ക സ്നേഹത്തിനു പോലുമിന്നു
പുതുപുത്തന്‍ വ്യാഖ്യാനങ്ങള്‍ തേടും സമൂഹത്തില്‍
മനസ്സിന്റെയഗാധമാം തലങ്ങളിലൊന്നിലെന്‍
പ്രിയ സോദരീ, നിനക്കായൊരു സ്നേഹത്തിന്‍ കലവറ
തുറന്നുവെച്ചുപോയതാണെന്റെയേക പരാജയം!
എന്തിനേയും, ഏവരേയും സ്നേഹിക്കാന്‍ മാത്ര -
മറിയാവുന്നൊരു മനസ്സിന്നുടമയായതു കൊണ്ടുമാത്ര -
മിത്രയും കനത്തൊരു ‘ശിക്ഷ’ ഞാനര്‍ഹിക്കുന്നോ?
പകല്‍മാന്യര്‍ വിലസുന്ന നവീനമാം സമൂഹത്തിന്‍
ക്രൂരമാം പരിഹാസമെന്‍ ഹൃദയത്തെ
ചീന്തിയെറിയുന്നൂ, വെറുമൊരു കൊച്ചു
മാംസപിണ്ഡത്തെയെന്ന പോല്‍...!
മനസ്സിന്റെ മണിച്ചെപ്പിലൊരു കൊച്ചു തിരിനാളം,
പരിശുദ്ധ സ്നേഹത്തിന്‍ പ്രതീകമാം ദീപനാളം
കൊളുത്തിവെച്ചതിനുള്ള ശിക്ഷയത്രേ പ്രിയ സോദരീ...
അതിനവര്‍ നല്‍കുന്ന കാരണമാണതിവിചിത്രം!
എന്‍ സോദരീ, നീയൊരു പെണ്‍കൊടിയാണെന്നതത്രേ...!
എന്‍ മനസ്സിന്റെയീ വിലാപം വെറുമൊരു
വനരോദനമായ് മാറുമീ വിചിത്രമാം ലോകത്തി -
ലെന്നെനിക്കറിയാം; എങ്കിലുമെന്‍ ജീവിതത്തി -
ലെന്നെങ്കിലുമൊരിക്കലെന്‍ നിരപരാധിത്വം
തെളിയിക്കപ്പെടുമെന്നു തന്നെയാണെന്‍ പ്രതീക്ഷ...!
ശുഭപ്രതീക്ഷ...! അതൊന്നു മാത്രമാണിന്നെന്‍
മനസ്സിനെ, ത്തളരാതെ, തകരാതെ
പിടിച്ചു നിര്‍ത്തുന്നതെന്ന സത്യമെന്‍
പ്രിയ സോദരീ, നീയറിയുന്നോ...?
മാര്‍ച്ച് 02, 1994 / ഒക്ടോബര്‍ 01, 1996
|