 Home
 About Me
Favourites
 Photos
 Editor's Desk
 Special Correspondent
 Works
 Blog
 Biodata
Contact Me
 Help & Support

 Site Map
|
ഒരു പാവം മനുഷ്യന്‍
|
ജീവിതമാം യാത്ര തന്‍
ചെറിയൊരു ഭാഗം മാത്രം
പിന്നിട്ടതേയുള്ളൂ; പക്ഷേ
ഈ കൊച്ചു യാത്രയ്ക്കിടയില്‍ -
ത്തന്നെയേറെ, ഒട്ടേറെ
കണ്ണീരിന്‍ കടലുകള്‍ നീന്തി -
ക്കടക്കേണ്ടി വന്നൊരു ദു:ഖ -
കഥാപാത്രമാണു ഞാന്‍...!
പലപ്പോഴും മരണത്തെ -
ക്കൈകള്‍ നീട്ടിപ്പുണരാന്‍ പോലും
കൊതിച്ചുപോയൊരു പാവം
മനുഷ്യനാണിന്നത്തെയീ ഞാന്‍.
മനസ്സിന്റെ മണിച്ചെപ്പി -
ലോര്‍മകള്‍ തന്‍ മധുരത്തേ -
ക്കാളേറെ കൊടും ദു:ഖത്തിന്‍
കയ്‌പു നീരു,മൊരുപിടി
വേദനകളും മാത്രമായി
ജീവിക്കാന്‍ വിധിക്കപ്പെട്ടൂ ഞാന്‍...!
ചെയ്യാത്ത തെറ്റുകള്‍ക്കു പോലും
പലപ്പോഴും ശിക്ഷകളനവധി -
യേറ്റുവാങ്ങിയ ദു:ഖപുത്രനാണു ഞാന്‍...
സ്നേഹമെന്നതു പലപ്പോഴും
വെറുമൊരു മരീചികയായ്, ശ്യാമ -
ഹംസമായ്, ആകാശ കുസുമമാ -
യൊടുങ്ങുന്നതും നോക്കി നോക്കി
നെടുവീര്‍പ്പുകളുമായ് നിന്നു
കണ്ണുനീരു പൊഴിക്കുവാന്‍
മാത്രമേ കഴിഞ്ഞുള്ളുവെന്ന -
തൊരു കുറ്റമാണോ? പറഞ്ഞാലും...!
വേദനകള്‍ തന്‍ തീജ്വാലക -
ളേറ്റു നീറും മനസ്സുമായ്
ഒരിറ്റു സ്നേഹത്തിനായ് ഞാന്‍
കാത്തിരുന്നതു തെറ്റായിരുന്നെന്നോ?
ശിക്ഷകള്‍ പലവിധമേറ്റുവാങ്ങിയെങ്കിലുമാ
ശിക്ഷകള്‍ തന്‍ വേദനയില്‍ -
പ്പോലുമൊരു കൈത്തിരിനാള -
മെന്‍ മനസ്സില്‍ സൂക്ഷിച്ചു ഞാന്‍...!
പരിശുദ്ധ നിഷ്കപട സ്നേഹത്തിന്റെ -
യൊരു കൊച്ചു തിരിനാളം...!
സമൂഹത്തെയാകെയൊന്നായ്
സ്നേഹിക്കാന്‍ മാത്രമറിയാവു -
ന്നൊരു പാവം പഥികനീ ഞാന്‍...
ഒരു ദു:ഖ കഥാപാത്രമീ ഞാന്‍...!
ഏതു ശിക്ഷയുമിരു കൈകളും നീട്ടി
സ്വീകരിക്കാന്‍ മടിയൊന്നും
കാണിച്ചതില്ല ഞാന്‍, പലപ്പോഴു -
മൊരു നിരപരാധിയായിരുന്നിട്ടു പോലും...!
എങ്കിലുമിന്നുമൊരാളോടും
പരിഭവം പറയാതെ,
ആരെയും വെറുക്കാതെ
ജീവിക്കുകയാണു ഞാന്‍...!
എന്നുമിങ്ങനെതന്നെ,യെല്ലാ -
മെന്നുള്ളിന്റെയുള്ളിലൊതുക്കിയിങ്ങനെ
ജീവിക്കാന്‍ മാത്രമാണെന്‍ മോഹം...!
ജൂണ്‍ 09, 1993
|
~ വിജി പിണറായി ~
~ Viji Pinarayi ~
|
|